ലണ്ടൻ: യുകെയിൽ കോടിക്കണക്കിന് പൗണ്ടുകളുടെ കള്ളപ്പണ വെളുപ്പിക്കൽ ശൃംഖല ആഭ്യന്തര മന്ത്രാലയം തകർത്തു. ലണ്ടനിലെ ഈസ്റ്റ് ഹാമിൽ പ്രവർത്തിച്ചിരുന്ന ഒരു ഹൈ-സ്ട്രീറ്റ് മണി എക്സ്ചേഞ്ച് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന റെയ്ഡിലാണ് വൻ മാഫിയ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തായത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അലി റസയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേകം തയാറാക്കിയ ബെൽറ്റിൽ അരയിലൊളിപ്പിച്ച നിലയിൽ 1,50,000 പൗണ്ടുമായാണ് (ഏകദേശം 1.7 കോടി രൂപ) അലി റസ പിടിയിലായത്. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഹോം ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മാഫിയാ സംഘങ്ങൾക്കായി വെറും മൂന്ന് മാസത്തിനുള്ളിൽ 14 ദശലക്ഷം പൗണ്ടിന്റെ (160 കോടിയിലധികം രൂപ) കള്ളപ്പണമാണ് ഈ സ്ഥാപനം വഴി വെളുപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റഷ്യൻ അധോലോക ശൃംഖലയിൽ നിന്ന് ഒറ്റത്തവണയായി 10 ലക്ഷം പൗണ്ട് പണമായി കൈപ്പറ്റിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 190 ദശലക്ഷം പൗണ്ടിലധികം (ഏകദേശം 2,100 കോടി രൂപ) തുക ഈ ശൃംഖല വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഈ പണം അന്തർദേശീയ ട്രാൻസ്ഫറുകൾ വഴി പ്രധാനമായും ദുബായിലേക്കാണ് മാറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഒരു രഹസ്യ സേഫിൽ സൂക്ഷിച്ചിരുന്ന 1.3 ദശലക്ഷം പൗണ്ട്, പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത 3,00,000 യുഎസ് ഡോളർ, കിഴക്കൻ ലണ്ടനിലെ ഒരു സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സിൽ നിന്നായി സ്വർണ്ണവും മറ്റ് വിദേശ കറൻസികളും സിറ്റി ഓഫ് ലണ്ടൻ പോലീസ് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.
ഈ വൻ കള്ളപ്പണ വേട്ടയുടെ പശ്ചാത്തലത്തിൽ, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹൈ-സ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു.
പുതിയ നിയമങ്ങളുടെ പിൻബലത്തിൽ ഇത്തരം അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും, രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുറ്റവാളികളുടെ സാമ്പത്തിക സ്രോതസുകൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.